കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹത്തിന്റെ വിക്ഷേപണ തീയതി മാറ്റി

ശ്രീഹരിക്കോട്ടയില്‍ നിന്ന് ഈ മാസം 27ന് രാവിലെ 9.28ന് വിക്ഷേപണം

ബംഗളൂരു: ഈ മാസം 25 ന് വിക്ഷേപിക്കാനിരുന്ന കാര്‍ട്ടോസാറ്റ് 3 യുടെ വിക്ഷേപണ തീയതി മാറ്റിവെച്ചു. നേരത്തെ ഒക്ടോബറില്‍ വിക്ഷേപിക്കാനിരുന്ന ഉപഗ്രഹം നവംബര്‍ 25 ന് വിക്ഷേപിക്കുമെന്നായിരുന്നു ഇസ്രോ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തീയതി 27 ലേക്ക് മാറ്റുകയാണെന്നാണ് ഇസ്രോ ഇപ്പോള്‍ അറിയിച്ചത്.

ഹൈ റെസല്യൂഷന്‍ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റാണ് കാര്‍ട്ടോസാറ്റ് 3.
ഇസ്രോയുടെ പിഎസ്എല്‍വി-എക്‌സ്എല്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. ഉയര്‍ന്ന റെസല്യൂഷനില്‍ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ ചടുലമായ നൂതന ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് -3.

ഉപഗ്രഹം, 97.5 ഡിഗ്രി ചെരിവില്‍ 509 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ വിന്യസിക്കാനാണ് ശ്രമിക്കുന്നത്. കാര്‍ട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും. ബഹിരാകാശ വകുപ്പിന് കീഴില്‍ അടുത്തിടെ ആരംഭിച്ച ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഈ വിക്ഷേപണത്തിന് പിന്നില്‍.

Exit mobile version