തിരുവനന്തപുരം: അയോധ്യ, ശബരിമല വിധികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. അയോധ്യ, ശബരിമല വിധികളില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഭൂരിപക്ഷ വാദത്തിന് സന്ധിചെയ്തുവെന്ന് കാരാട്ട് വിമര്‍ശിച്ചു. ‘സുപ്രീംകോടതിയില്‍ സംഭവിക്കുന്നതെന്ത്’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കാരാട്ടിന്റെ വിമര്‍ശനം.
അയോധ്യ വിധിയില്‍ വിശ്വാസത്തിനാണ് സുപ്രീംകോടതി പ്രാമുഖ്യം നല്‍കിയത്. വിധി മതനിരപേക്ഷതക്കായി നിലകൊള്ളുന്നതിലെ പരാജയം വെളിപ്പെടുത്തുന്നുവെന്നും കാരാട്ട് വിമര്‍ശിച്ചു. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും കാരാട്ട് പറഞ്ഞു.
കോടതി എക്‌സിക്യൂട്ടീവിന് വഴങ്ങിക്കൊടുക്കുകയാണ്. ഭൂരിപക്ഷവാദത്തോടുള്ള സന്ധി ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും.രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനുള്ള ഉചിതമായ അവസരമാണ് ഇതെന്ന് കാരാട്ട് ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണെന്നും കാരാട്ട് ലേഖനത്തില്‍ പറയുന്നു.
സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉല്‍ക്കണ്ഠയ്ക്ക് വിഷയമാകുകയും ചെയ്യുന്നുവെന്ന് കാരാട്ട് ലേഖനത്തില്‍ പറഞ്ഞു.
Discussion about this post