വിദേശയാത്രയില്‍ പ്രധാനമന്ത്രിയെയും കടത്തിവെട്ടി വി മുരളീധരന്‍; അഞ്ച് മാസത്തില്‍ സന്ദര്‍ശിച്ചത് 9 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: വിദേശയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മറികടന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെ പ്രധാനമന്ത്രി ഏഴ് വിദേശ പര്യടനങ്ങള്‍ നടത്തിയപ്പോള്‍, 9 വിദേശ രാജ്യങ്ങള്‍ മുരളീധരന്‍ സന്ദര്‍ശിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. ലോക്‌സഭയില്‍ എഴുതി നല്‍കിയ ചോദ്യത്തിനാണ് മന്ത്രി വി മുരളീധരന്‍ മറുപടി നല്‍കിയത്.

മൂന്ന് മാസത്തിനിടെ ഒന്‍പത് രാജ്യങ്ങളാണ് മോഡി സന്ദര്‍ശിച്ചത്. ഭൂട്ടാന്‍, ഫ്രാന്‍സ്, യുഎഇ, ബഹറൈന്‍, റഷ്യ, അമേരിക്ക, സൗദി അറേബ്യ, തായ്‌ലാന്റ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലൂടെയാണ് മോഡി പര്യടനം നടത്തിയത്.

അമേരിക്കന്‍ പര്യടനത്തിനിടെ സെപ്തംബര്‍ 22ന് നടന്ന ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചത് അമേരിക്കന്‍ സംഘടനയായ ടെക്‌സാസ് ഇന്ത്യ ഫോറം ആണെന്നും മുരളീധരന്‍ സഭയില്‍ മറുപടി നല്‍കി. കേന്ദ്രഗവണ്‍മെന്റിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.

10 വിദേശ യാത്രകളിലായി 16 രാജ്യങ്ങളാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും സഹമന്ത്രി വി മുരളീധരനും സന്ദര്‍ശിച്ചത്. ഇതിന് പുറമെ, പ്രസിഡന്റ് രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മൂന്ന് വീതം വിദേശ യാത്രകള്‍ നടത്തിയതായും വി മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതി ഏഴും, ഉപരാഷ്ട്രപതി ആറും രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

Exit mobile version