വാരണാസി: സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകനെ നിയമിച്ചതിനെതിരെ പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍. സമരം രണ്ടാഴ്ച പിന്നിട്ടു. പുതിയ അധ്യാപകനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സമര മുഖത്ത് ഇറങ്ങിയിരിക്കുകയാണ്.
അസിസ്റ്റന്റ് പ്രൊഫസര്‍ ഫിറോസ് ഖാനെയാണ് സംസ്‌കൃതം അധ്യാപകനായി നിയമിച്ചത്. പിന്നാലെ സംസ്‌കൃത വിദ്യ ധര്‍മ്മ വിജ്ഞാന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തിറങ്ങുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഖാന്റെ പിതാവും സംസ്‌കൃത പണ്ഡിതനാണ്. ബിഎച്ച്‌യു വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നാഗറുടെ ഓഫീസിനു മുന്നില്‍ സംസ്‌കൃത വിഭാഗത്തിലെ മുപ്പതോളം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ 12 ദിവസമായി സമരം നടത്തുന്നത്.
ഫിറോസ് ഖാന്റെ നിയമനം റദ്ദാക്കി പുതിയ അധ്യാപകനെ വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സമരത്തിന്റെ ഭാഗമായി സ്‌തോത്ര ആലാപനവും യജ്ഞവും നടക്കുന്നുണ്ട്. ‘പ്രത്യേക മതവിഭാഗത്തിലെ വ്യക്തികള്‍ക്ക് എതിരെയല്ല പ്രതിഷേധം. പരമ്പരാഗത കാര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതിലാണ് ഞങ്ങള്‍ക്ക് അമ്പരപ്പ്’ സമരക്കാരില്‍ ഒരാളായ കൃഷന്‍ കുമാര്‍ പറഞ്ഞു.
‘ഇതൊരു സാധാരണ ഡിപ്പാര്‍ട്ട്‌മെന്റ് അല്ല. സംസ്‌കൃത വിദ്യ ധര്‍മ വിജ്ഞാന്‍ (എസ്വിഡിവി) വിഭാഗത്തില്‍ നിന്നു വെറും ഭാഷ മാത്രമല്ല പഠിക്കുന്നത്, നമ്മുടെ സംസ്‌കാരം കൂടിയാണ്. അദ്ദേഹത്തിനു പഠിപ്പിക്കണം എന്നുണ്ടെങ്കില്‍ സംസ്‌കൃത വിഭാഗത്തിലേക്കു പോകാം. എന്നാല്‍ ഇവിടെ അനുവദിക്കില്ല.’ കൃഷന്‍ വ്യക്തമാക്കി. ഫിറോസ് ഖാന്‍ അനുയോജ്യനായ വ്യക്തിയാണെന്നും എല്ലാ നടപടികളും പാലിച്ചാണു നിയമിച്ചതെന്നുമാണു സര്‍വകലാശാല അധികൃതരുടെ നിലപാട്.