ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ നിന്നും പരിശോധനയില്‍ നിന്നും രക്ഷനേടാന്‍ പൈലറ്റ് വേഷം കെട്ടി യാത്രക്കാരന്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥന് കൈയ്യോടെ പിടികൂടുകയും ചെയ്തു. ഡല്‍ഹി സ്വദേശിയായ രാജന് മഹബാനിയേയാണ് സിആര്‍പിഎഫ് പിടികൂടിയത്.
കൊല്‍ക്കത്തയിലേക്ക് പോകുന്നതിനായി എയര്‍ ഏഷ്യ വിമാനത്തിലാണ് രാജന് പോകേണ്ടിയിരുന്നത്. നീണ്ട തിരക്ക് ഒഴിവാക്കുന്നതിന് പൈലറ്റിന്റെ വേഷം കെട്ടിയെത്തുകയായിരുന്നു. ലുഫ്താന്‍സ എയര്‍ലൈന്‍സ് പൈലറ്റ് എന്ന് കാണിച്ചാണ് ഇയാള്‍ അകത്ത് കയറിയത്. ജര്‍മ്മന്‍ എയര്‍ലൈന്‍സിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിആര്‍പിഎഫ് നടപടിയുണ്ടായിരിക്കുന്നത്. ഇയാളെ പിന്നീട് ഡല്‍ഹി പോലീസിന് കൈമാറുകയും ചെയ്തു.
ലുഫ്താന്‍സ എയര്‍ലൈന്‍സ് ക്യാപ്റ്റന്റെ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കുകയും അത് കാണിച്ചാണ് എയര്‍പോര്‍ട്ടിന്റെ അകത്ത് കയറുകയും ചെയ്തതെന്ന് സിഐഎസ്എഫ് ഒഫിഷ്യല്‍സ് അറിയിച്ചു. ഇയാള്‍ ഇത്തരത്തില്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി ബാങ്കോക്കില്‍ ഏവിയേഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബില്‍ ഇടുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പൈലറ്റ് വേഷത്തിന് പുറമെ സൈനീക വേഷത്തില്‍ നില്ക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വേഷങ്ങള്‍ എല്ലാം ചെയ്തത് ടിക് ടോക് വീഡിയോയ്ക്ക് വേണ്ടിയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
Discussion about this post