ബംഗളൂരു: തിരുപ്പതി ക്ഷേത്രം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ തീരുമാനവുമായി ദേവസ്വം ബോര്‍ഡ് രംഗത്ത്. ക്ഷേത്രത്തില്‍ നല്‍കുന്ന പ്രസാദമായ തിരുപ്പതി ലഡ്ഡു പേപ്പര്‍, ചണം എന്നിവ കൊണ്ട് നിര്‍മ്മിച്ച പെട്ടികളില്‍ വിതരണം ചെയ്യാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
തിങ്കളാഴ്ച മുതലാണ് ലഡ്ഡുകള്‍ പെട്ടികളില്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്.
തിരുമല, തിരുപ്പതി ദേവസ്വം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഡി കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് പ്രസാദം പേപ്പര്‍, ചണം എന്നിവ കൊണ്ട് നിര്‍മ്മിച്ച പെട്ടികളില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ചെയര്‍മാന്റെ തീരുമാനത്തെ മറ്റ് അംഗങ്ങളും അംഗീകരിക്കുകയായിരുന്നു.
ഒരു ലഡ്ഡു മാത്രമുള്ള പേപ്പര്‍ പെട്ടിക്ക് മൂന്ന് രൂപ, രണ്ടു ലഡ്ഡുവുള്ള പെട്ടിക്ക് 5 രൂപ, നാല് ലഡ്ഡുവുള്ള പെട്ടിക്ക് അഞ്ച് രൂപ, അഞ്ച് ലഡ്ഡുവുള്ള ചണ പെട്ടിക്ക് 25 രൂപ, പത്ത്് ലഡ്ഡുവുള്ള ചണപ്പെട്ടിക്ക് 30 രൂപ, 15 ലഡ്ഡുകളുടെ 35 രൂപ,, 25 എണ്ണമുള്ള പെട്ടിക്ക് 55 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
അതേസമയം, ക്ഷേത്ര പരിസരത്ത് പ്ലാസ്റ്റിക് കവറുകള്‍ക്ക് ദേവസ്വം ബോര്‍ഡ് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രസാദം വാങ്ങാന്‍ 50 മൈക്രോണിനു മുകളിലുള്ള പ്ലാസ്റ്റിക് കവറുകള്‍ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
Discussion about this post