ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പിന്‍വലിക്കുമോ…? ജെഎന്‍യുവില്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ച, അനുകൂലമല്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായാണ് ചര്‍ച്ച നടക്കുന്നത്.

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പിന്‍വലിക്കുമോ എന്നതില്‍ അന്തിമ തീരുമാനം ഇന്ന്. ഇത് സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ച ഇന്ന് രാവിലെ 10.30 ക്ക് നടക്കും. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായാണ് ചര്‍ച്ച നടക്കുന്നത്.

മുന്‍ യുജിസി ചെയര്‍മാന്‍ വിഎസ് ചൗഹാന്‍ അടങ്ങിയ സമിതിയുമായിട്ടാണ് ചര്‍ച്ച നടക്കുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. നേരത്തെ സമരത്തെ തുടര്‍ന്ന് ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഫീസ് വര്‍ധനവില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികളും അറിയിച്ചു. ഡല്‍ഹിയിലെ ശാസ്ത്രി ഭവനിലാണ് നിര്‍ണ്ണായകമായ ചര്‍ച്ച നടക്കുന്നത്.

Exit mobile version