അഹമ്മദാബാദ്: വിവാദ സന്യാസി നിത്യാനന്ദയ്ക്കെതിരെ പരാതിയുമായി ദമ്പതിമാര്‍ രംഗത്ത്. തങ്ങളുടെ രണ്ട് പെണ്മക്കളെ നിത്യാനന്ദയുടെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരെ വിട്ട് കിട്ടണമെന്നും ആവശ്യപ്പെട്ട് ദമ്പതിമാര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ജനാര്‍ദ്ദന ശര്‍മ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയുമാണ് കോടതിയെ സമീപിച്ചത്.
2013ല്‍ ജനാര്‍ദ്ദന ശര്‍മ തന്റെ നാല് പെണ്മക്കളെ നിത്യാനന്ദയുടെ ബെംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടികളെ നിത്യാനന്ദ ധ്യാനപീഠത്തിന്റെ അഹമ്മദാബാദിലെ ശാഖയായ യോഗിനി സര്‍വ്വജ്ഞപീഠം എന്ന സ്ഥാപനത്തിലേക്ക് മാറ്റി. അവരുടെ അഭിപ്രായം പോലും ചോദിക്കാതെയാണ് മാറ്റിയതെന്ന് പരാതിയില്‍ പറയുന്നു.
സംഭവമറിഞ്ഞ് മക്കളെ കാണാനായി അവിടെ എത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ലെന്നും പിന്നീട് പോലീസ് സഹായത്തോടെയാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ രക്ഷപ്പെടുത്തിയതെന്നും കുട്ടികളുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന രണ്ട് കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ലെന്നും അവരുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഭയമുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.
നിത്യാനന്ദയുടെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുന്ന തങ്ങളുടെ മക്കളെ കോടതിയില്‍ ഹാജരാക്കി തങ്ങള്‍ക്ക് കൈമാറണമെന്നും സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത മറ്റ് പെണ്കുട്ടികളെപ്പറ്റി അന്വേഷിക്കണമെന്നും ജനാര്‍ദ്ദന ശര്‍മയും ഭാര്യയും നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post