ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രൂക്ഷമായ വായു മലിനീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി എംപി ഗൗതം ഗംഭീര്‍. ”എന്റെ ജിലേബിയാണ് മലിനീകരണത്തിന് കാരണമാകുന്നതെങ്കില് ഞാന്‍ അത് ഒഴിവാക്കാം”എന്നാണ് ഗംഭീര്‍ പ്രതികരിച്ചത്.
പാര്‍ലമെന്ററി സമിതിയില്‍ അംഗങ്ങളായ 28 എംപിമാരില്‍ നാലുപേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ എംസിഡി, ഡിഡിഎ ഉദ്യോഗസ്ഥരില്‍ പലരും യോഗത്തിനെത്തിയില്ല. പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനങ്ങള്‍ വിലയിരുന്നതെന്നും അല്ലാതെ പ്രാചരണങ്ങളിലൂടെയല്ലെന്നുമാണ് വിമര്‍ശനങ്ങളോട് ഗംഭീര്‍ പ്രതികരിച്ചത്.
ഡല്‍ഹിയില്‍ രൂക്ഷമായ വായു മലിനീകരണ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗം വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഗൗതം ഗംഭീര്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം മറ്റൊരു പരിപാടിയിലായിരുന്നു. സുഹൃത്തുക്കള്‍ക്ക് ഒപ്പം ഇരുന്ന് ജിലേബി കഴിക്കുന്ന ചിത്രങ്ങള്‍ ഗൗതം ഗംഭീര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനെതിരെ ആംആദ്മി പാര്‍ട്ടിയടക്കം ശക്തമായ വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഗംഭീറിന്റെ പ്രതികരണം. പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി എംപി ഗൗതം ഗംഭീറിനെ കാണാനില്ല എന്ന് എഴുതിയ പോസ്റ്ററുകള്‍ ഇന്നലെ പ്രതിഷേധക്കാര്‍ ഡല്‍ഹിയില്‍ പതിപ്പിച്ചിരുന്നു. ഡല്‍ഹി ഐറ്റിഒ ഏരിയയില്‍ ആണ് ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് എഴുതി വച്ചിരിക്കുന്ന പോസ്റ്റര്‍ പതിപ്പിച്ചത്.
‘ഇദ്ദേഹത്തെ ആരെങ്കിലും കണ്ടവരുണ്ടോ? അവസാനമായി ഇന്‍ഡോറില്‍ ഇരുന്ന് ജിലേബി കഴിക്കുന്നതാണ് കണ്ടത്. ഈസ്റ്റ് ഡല്‍ഹി ഇദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഗൗതം ഗംഭീറിന്റെ ചിത്രം പതിപ്പിച്ച പോസ്റ്ററാണ് ഒട്ടിച്ചിരിക്കുന്നത്.
Discussion about this post