ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിന് മുന്നിലേക്ക് പ്രതിഷേധ ലോങ് മാര്‍ച്ച് നടത്തുന്ന സാഹചര്യത്തിലാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് വിദ്യാര്‍ത്ഥികള്‍ പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് തുടങ്ങി.
ഭാഗികമായി റദ്ദാക്കിയ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം ജെഎന്‍യു അധികൃതര്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. എന്നാല്‍ വിവിധ ഇനങ്ങളില്‍ സര്‍വീസ് ചാര്‍ജായി ഈടാക്കാനുള്ള തീരുമാനം അധികൃതര്‍ പിന്‍വലിച്ചിരുന്നില്ല. ഇതിനെതിരെയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ ലോങ് മാര്‍ച്ച് നടത്തുന്നത്.
അതേസമയം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ഫീസ് വര്‍ധനവ് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്റെ തീരുമാനം. എന്നാല്‍ പ്രധാന ഗേറ്റില്‍ പ്രതിഷേധക്കാരെ തടയുമെന്നാണ് പോലീസ് വ്യക്തമാക്കിയത്. സ്ഥലത്ത് കൂടുതല്‍ പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
Discussion about this post