ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് സുപ്രീം കോടതിയിലെത്തി രാവിലെ തന്നെ ചുമതലയേറ്റെടുക്കും.
2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റീസ് ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിച്ച ഒഴിവിലേക്കാണ് സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചത്.
നാഗ്പൂരിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച എസ്എ ബോബ്ഡെ, നാഗ്പൂര്‍ സര്‍വലാശാലയില്‍ നിന്നു എല്‍എല്‍ബി ബിരുദം നേടി. 1978ലാണ് മഹാരാഷ്ട്ര ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി സേവനം തുടങ്ങിയത്. 1998ല്‍ മുതിര്‍ന്ന അഭിഭാഷകനും 2000ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയുമായി. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2013 മുതല്‍ സുപ്രീം കോടതി ജഡ്ജിയാണ്. പിതാവ് അരവിന്ദ് ബോബ്ഡെ മഹാരാഷ്ട്രയിലെ അഡ്വക്കേറ്റ് ജനറലായിരുന്നു. സഹോദരന് വിനോദ് ബോബ്ഡെ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്.
Discussion about this post