ന്യൂഡൽഹി: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ ആൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ എംപി അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഷിയ വഖഫ് ബോർഡ് തലവൻ വസീം റിസ്വി. കൊല്ലപ്പെട്ട ഐസിസ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയും ഒവൈസിയും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് റിസ്വി കുറ്റപ്പെടുത്തി. ” അബുബക്കർ അൽ ബാഗ്ദാദിയും അസദുദ്ദീൻ ഒവൈസിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഭീകരവാദം പ്രചരിപ്പിക്കാൻ ബാഗ്ദാദിയുടെ കയ്യിൽ ഉള്ളത് സൈന്യവും ആയുധങ്ങളും വെടിമരുന്നുകളുമാണ്. ഉവൈസി തൻറെ പ്രസംഗങ്ങളിലൂടെ ഭീകരത ഉണ്ടാക്കുന്നു. അദ്ദേഹം രക്തച്ചൊരിച്ചിലിലേക്കും ഭീകരതയിലേക്കും മുസ്ലീംകളെ തള്ളിവിടുന്നു. അദ്ദേഹത്തെയും മുസ്ലീം വ്യക്തിനിയമ ബോർഡിനെയും നിരോധിക്കേണ്ട സമയമാണ് ഇത്.” – റിസ്വി ആഞ്ഞടിച്ചു.
നേരത്തെ അയോധ്യകേസിലെ സുപ്രീംകോടതി വിധിക്കെതിരെ ഒവൈസി പ്രസ്താവന നടത്തിയിരുന്നു.”പരമാധികാരം സുപ്രീംകോടതിക്കാണെന്നത് തീർച്ചയാണ്. എന്നാൽ തെറ്റുപറ്റാം.സുപ്രീം കോടതി വിധിയിൽ ഞാൻ തൃപ്തനല്ല. ഞങ്ങൾക്ക് ഭരണഘടനയിൽ പൂർണ്ണ വിശ്വാസമുണ്ട്. ഞങ്ങൾ നിയമാവകാശത്തിനായി പോരാടുകയായിരുന്നു. ദാനം പോലെ അഞ്ചേക്കർ ഭൂമി ഞങ്ങൾക്ക് ആവശ്യമില്ല” എന്നായിരുന്നു ഒവൈസിയുടെ വാക്കുകൾ. ഈ പ്രസ്താവന നടത്തിയതിന് നവംബർ 11 ന് ഒവൈസിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് റിസ്വിയുടെ പരാമർശം.
നവംബർ 15ന് അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിലേക്കായി 51000 രൂപയാണ് റിസ്വി രാം ജന്മഭൂമി ന്യാസിന് കൈമാറിയത്. അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്രം പണിയാൻ വിട്ടുനൽകണമെന്ന് സുപ്രീംകോടതി നവംബർ 9ന് കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു. പുതിയ പള്ളി നിർമ്മിക്കാൻ അനുയോജ്യമായ അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് നൽകണമെന്നും സുപ്രീം കോടതിയുടെ നിർദേശത്തിലുണ്ട്.
Discussion about this post