ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിധി വിശദമായി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഹര്‍ജി നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നത്. തീരുമാനം അറിയിക്കാന്‍ വൈകിട്ട് മൂന്നരക്ക് വാര്‍ത്ത സമ്മേളനം നടത്തും.
വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നേങ്കിലും ഭൂരിപക്ഷാഭിപ്രായം പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നാണ്. അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷിയല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേന പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്.
കേരളത്തില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെആലിക്കുട്ടി മുസ്ല്യാര്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. സൗഹാര്‍ദപൂര്‍വ്വം ഭൂമി നിരസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പുനഃപരിശോധന ഹര്‍ജിയില്‍ വിട്ടുവീഴ്ചയില്ലെന്ന് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിയും വ്യക്തമാക്കിയിരുന്നു. അതേ സമയം പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിയിലൊരാളായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷനും ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിയും പങ്കെടുത്തിട്ടില്ല.
Discussion about this post