ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണ്മാനാനില്ലെന്ന് കാണിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡല്‍ഹിയില്‍ വായു മലിനീകരണം കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ ഗൗതം ഗംഭീര്‍ പങ്കെടുത്തിരുന്നില്ല. ഇതിന് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഗംഭീറിനെ കാണാന്‍ ഇല്ലെന്ന് കാണിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘ഗൗതം ഗംഭീറിനെ കണ്ടവരുണ്ടോ? അവസാനമായി ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജിലേബി കഴിക്കുന്നതായാണ് കണ്ടത്. ഡല്‍ഹി മുഴുവന്‍ അദ്ദേഹത്തെ തേടുകയാണ്’ എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ എംപിയാണ് ഗൗതം ഗംഭീര്‍. പാര്‍ലമെന്ററി സമിതിയില്‍ അംഗങ്ങളായ 28 എംപിമാരില്‍ നാലുപേര്‍ മാത്രമാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച പാര്‍ലമെന്ററി പാനല്‍ യോഗത്തില്‍ പങ്കെടുത്തത്.
ഇതിനിടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഗംഭീര്‍ ഇന്‍ഡോറിലെ സ്റ്റേഡിയത്തില്‍ നിന്ന ജിലേബി കഴിക്കുന്ന ഗംഭീറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനങ്ങള്‍ വിലയിരുത്തുന്നതെന്നും അല്ലാതെ പ്രാചരണങ്ങളിലൂടെ അല്ലെന്നുമാണ് വിമര്‍ശനങ്ങളോട് ഗംഭീര്‍ പ്രതികരിച്ചത്.
Discussion about this post