ചെന്നൈ: മരിച്ച സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജരും അസിസ്റ്റന്റ് മാനേജരും കൂടി തട്ടിയത് 25 ലക്ഷം. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. തിരുച്ചിറപ്പള്ളി ടൗണിലുള്ള ജമാല്‍ മുഹമ്മദ് കോളേജ് ക്യാംപസിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജര്‍ ഷെയ്ക്ക് മൊയ്തീന്‍, അസിസ്റ്റന്റ് മാനേജര്‍ ചിന്നദുരൈ എന്നിവരാണ് അഞ്ചുവര്‍ഷംമുമ്പ് മരിച്ച എമിലി സോള എന്ന യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയത്.
ബാങ്ക് സോണല്‍ മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്. ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന എമിലി 2014 ഫെബ്രുവരിയില്‍ മരിക്കുമ്പോള്‍ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ 30 ലക്ഷത്തോളം രൂപ ബാക്കിയുണ്ടായിരുന്നു. മരണത്തിനുശേഷം അനന്തരാവകാശികള്‍ അവകാശവാദം ഉന്നയിക്കാതെ വന്നതോടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
എന്നാല്‍, മകന്‍ അക്കൗണ്ട് വിവരം തിരക്കിയെത്തിയതോടെയാണ് പണം നഷ്ടമായത് തിരിച്ചറിഞ്ഞത്. പല സ്ഥലങ്ങളിലുള്ള എടിഎമ്മുകള്‍ മുഖേന കഴിഞ്ഞ ആറുമാസത്തിനിടെയാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ബാങ്ക് ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഷെയ്ക്ക് മൊയ്തീനും ചിന്നദുരൈയും ചേര്‍ന്ന് പണം തട്ടിയെടുത്തതായി വ്യക്തമായി. ഇടപാടുകള്‍ നടക്കാതിരുന്നതിനാല്‍ മരവിപ്പിച്ച അക്കൗണ്ട് ഇരുവരും ചേര്‍ന്ന് പുനരാരംഭിച്ചു.