ന്യൂഡല്‍ഹി: ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്. അയോധ്യ, ശബരിമല, റാഫേല്‍ ഉള്‍പ്പടെ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ശേഷമാണ് അദ്ദേഹം കോടതിയുടെ പടിയിറങ്ങുന്നത്.
വൈകീട്ട് സുപ്രീംകോടതി അങ്കണത്തില്‍ ജസ്റ്റിസ് ഗൊഗോയിക്ക് യാത്രയയപ്പ് നല്‍കും. കേസുകള്‍ വിഭജിക്കുന്നതിലെ അപാകത ഉയര്‍ത്തി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ കാലത്ത് കോടതി നടപടികള്‍ നിര്‍ത്തിവെച്ച് പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.
ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോബര്‍ മൂന്നിനാണ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ദീപക് മിശ്ര വിരമിച്ചത്.
ഗൊഗോയ് പടിയിറങ്ങുന്നതും ശബരിമല കേസില്‍ വിധി പറഞ്ഞുകൊണ്ടു തന്നെയാണ്. ആസ്സാംകാരനായ ഗൊഗോയ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ്. ആസ്സാമിലെ ദിബ്രുഗഡിലായിരുന്നു ജനനം.
Discussion about this post