കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിധിയെ സംബന്ധിച്ച വിധിക്ക് മുമ്പ് ചിലകാര്യങ്ങളിൽ വ്യക്തത വരുത്താനായി റിവ്യൂഹർജികൾ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി സീതാറാം യെച്ചൂരി. ശബരിമല കേസിൽ സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി പ്രതികരിച്ചു.
ശബരിമല കേസിൽ റിവ്യൂ ഹർജികൾ ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടതിനെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും സമീപകാലത്തുണ്ടായ കോടതി വിധികളിൽ ബാഹ്യ സ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം
പറഞ്ഞു. റിവ്യൂ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കോടതിവിധികൾ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് സിപിഎം പിബി ചർച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അയോധ്യ, ശബരിമല, റാഫേൽ വിധികളുടെ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്.