ബാംഗ്ലൂര്‍: കര്‍ണാടകയില്‍ അയോഗ്യരായ എംഎല്‍എമാരില്‍ പതിനാറ് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു എന്നിവര്‍ ചേര്‍ന്ന് വിമത എംഎല്‍എമാര്‍ക്ക് അംഗത്വം നല്‍കി.
അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി ഒരു ദിവസം പിന്നിടുമ്പോഴാണ് ബിജെപി ഇവര്‍ക്ക് അംഗത്വം നല്‍കിയത്. അതെസമയം അയോഗ്യരാക്കപ്പെട്ട 17 പേരില്‍ കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. ശിവാജി നഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന റോഷന്‍ ബെയ്ഗും ഉടന്‍ തന്നെ പാര്‍ട്ടിയിലെത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന
ബിജെപിയില്‍ ചേര്‍ന്നവര്‍ ഡിസംബര്‍ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവും. ഇതില്‍ 13 പേരെ നിലവില്‍ സ്ഥാനാര്‍ത്ഥികളായി ബിജെപി പ്രഖ്യാപിച്ചു.
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് കൂട്ടുനിന്നതിന് 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ അന്നത്തെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ അയോഗ്യനാക്കിയിരുന്നു. ഈ നടപടി സുപ്രീംകോടതി ഇന്നലെ ശരിവച്ചിരുന്നു. മുന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. അതെസമയം ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവരെ അനുവദിച്ചു.
Discussion about this post