ബാംഗ്ലൂര്‍: കര്‍ണാടകയില്‍ അയോഗ്യരായ 17 എംഎല്‍എമാര്‍ വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത്‌നാരായന്‍. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് അശ്വന്ത്‌നാരായന്റെ പ്രസ്താവന.
‘അയോഗ്യരായ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. നാളെ രാവിലെ 10.30 ന് ബെംഗളൂരുവില്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അവര്‍ പാര്‍ട്ടിയില്‍ ചേരും. അവരെ പാര്‍ട്ടിയില്‍ അംഗമാകാന്‍ സ്വാഗതം ചെയ്യുന്നു.- അശ്വന്ത്‌നാരായന്‍ മാധ്യമങ്ങളോടു പറഞ്ഞു.
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് കൂട്ടുനിന്നതിന് 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ അന്നത്തെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ അയോഗ്യനാക്കിയിരുന്നു. ഈ നടപടി സുപ്രീംകോടതി ഇന്ന് ശരിവച്ചിരുന്നു. മുന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. അതെസമയം ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവരെ അനുവദിച്ചു.
Discussion about this post