പനാജി: ഗോവ ബീച്ചുകളില്‍ പരസ്യ മദ്യപാനത്തിന് ഇനി കര്‍ശന നടപടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ച തെക്കന്‍ ഗോവയിലെ മോര്‍ജിം ബീച്ചില്‍ രണ്ടു വിനോദസഞ്ചാരികള്‍ മുങ്ങി മരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. സംഭവത്തില്‍ കര്‍ണാടക ബല്‍ഗാം സ്വദേശികളായ രണ്ട് യുവാക്കളാണ് മുങ്ങിമരിച്ചത്. മദ്യലഹരിയിലാണ് ഇവര്‍ കടലില്‍ മുങ്ങിയതെന്നാണു വിവരം.
ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ക്കും പരിക്കേറ്റു. ഈ വര്‍ഷം ജനുവരിയില്‍, തന്നെ ഗോവയില്‍ പൊതുസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനും മദ്യപിക്കുന്നതിനും പിഴ ഈടാക്കാവുന്ന കുറ്റമായി സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിരുന്നു. ഈ സാഹചര്യവും പരിഗണിച്ച് ബീച്ചുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കുമെന്നും മദ്യപാനം കര്‍ശനമായി തടയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.