ഭോപ്പാല്‍: സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്നുവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ശിവപുരിയില്‍ രാത്ഗേദ ഗ്രാമത്തിലായിരുന്നു അപകടം. ആദിവാസി വിഭാഗത്തില്‍പ്പെട്ട രാജ (ഏഴ്) പ്രിന്‍സ് (ആറ്) എന്നിവരാണ് മരിച്ചത്.
നിര്‍മ്മാണം നടക്കുന്ന ഭിത്തിയാണ് തകര്‍ന്നുവീണത്, വിദ്യാര്‍ഥികള്‍ അതിനടിയില്‍പ്പെടുകയായിരുന്നു. ശൗചാലയത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായും ഇതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്. ഇതിനെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായി ജില്ലാ പഞ്ചായത്ത് സിഇഒ എച്ച്പി വര്‍മ്മ അറിയിച്ചു.
വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ച ഗ്രാമത്തിലെ ശൗചാലയങ്ങളെല്ലാം ഉപയോഗശൂന്യമാണെന്ന് പ്രദേശവാസിയായ കോത്വാര്‍ രാംസിങ് പറഞ്ഞു. ശുചിമുറികള്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലായതിനാല്‍ ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മല-മൂത്ര വിസര്‍ജനം നടക്കുന്നതെന്നും രാംസിങ് കൂട്ടിച്ചേര്‍ത്തു.