ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ശിവലിംഗത്തിലെ തേള് എന്ന പരാമര്‍ശത്തിലാണ് ശശി തരൂരിന് വാറന്റ് നല്‍കിയത്. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നല്‍കിയത്. കോടതിയില്‍ ഹാജരാകാതിരുന്നതിന് പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറിനെതിരെയും കോടതി 500 രൂപ പിഴ ചുമത്തി.
നവംബര്‍ 27നകം കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ തരൂരും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. തരൂരിനോട് 5000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു.
2018 ഒക്ടോബറില്‍ ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് തരൂര്‍ വിവാദ പ്രസ്താവന നടത്തിയത്. പണ്ടൊരിക്കല്‍ മോഡിയെ പേര് വെളിപ്പെടുത്താത്ത ആര്‍എസ്എസ് നേതാവ് ശിവലിംഗത്തിലെ തേള് എന്ന് വിശേഷിപ്പിച്ചതായി തരൂര്‍ പറഞ്ഞതാണ് വിവാദമായത്.
‘മോഡിയെക്കുറിച്ച് ഒരു ആര്.എസ്.എസ് നേതാവ് പത്രക്കാരോട് പറഞ്ഞ വാക്കുകള്‍ അതിമനോഹരമായിരുന്നു. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോഡിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെ കൈ കൊണ്ട് എടുത്ത് കളയാനും കഴിയില്ല, ചെരുപ്പ് കൊണ്ട് അടിച്ച് കൊല്ലാനും കഴിയില്ലെന്നുമായിരുന്നു തരൂരിന്റെ വാക്കുകള്‍.
എന്നാല്‍ തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ശിവ ഭക്തരുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന രീതിയിലാണ് തരൂരിന്റെ പ്രസ്താവനയെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും ബബ്ബര്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post