ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി വിധി പ്രകാരം അനുവദിച്ചിരിക്കുന്ന സ്ഥലത്ത് പണിയുന്ന പള്ളിക്ക് ബാബറിന്റെ പേര് ഇടാന്‍ അനുവദിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത്. കേന്ദ്രസര്‍ക്കാരിനോടാണ് വിശ്വഹിന്ദു പരിഷത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്.
പകരം, രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും മറ്റും സംഭാവന നല്കിയ എപിജെ അബ്ദുള്‍ കലാമിനെ പോലുള്ളവരുടെ പേരിടണമെന്നാണ് വിഎച്ച്പി ആവശ്യം. ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായോടാണ് വിഎച്ച്പി ഈ ആവശ്യം ഉന്നയിച്ചത്.
വിദേശിയായ ബാബര്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയാണ് സാമ്രാജ്യം സ്ഥാപിച്ചത്. ഒരു ആക്രമണകാരിയുടെ പേര് പുതിയ പള്ളിക്ക് ഇടുന്നത് അനുവദനീയമല്ല. വീര്‍ അബ്ദുള്‍ ഹമീദ്, അഫ്ഫാഖുള്ള ഖാന്, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം തുടങ്ങി രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വളരെയേറെ സംഭാവനകള്‍ നല്കിയ നല്ല മുസ്ലിങ്ങള്‍ ഉണ്ട്. ഇവരുടെ ആരുടെ
എങ്കിലും പേരിടണമെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ ആവശ്യപ്പെട്ടു.
അതെസമയം, പള്ളിയുടെ പേര് ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്നും, മോസ്ക് പണിയുന്നതിന് അനുവദിക്കുന്ന സ്ഥലം സ്വീകരിക്കമോ വേണ്ടയോ എന്നതാണ് നിലവില്‍ സമവായം ഉണ്ടാകേണ്ട ആദ്യ വിഷയമെന്നും കേസിലെ പരാതിക്കാരിലൊരാളായ ഇഖ്ബാല്‍ അന്‍സാരി അഭിപ്രായപ്പെട്ടു.
ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ മുസ്ലീം സംഘടനകള്‍ക്ക് ഇടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഭൂമി സ്വീകരിക്കുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കേസിലെ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് യോഗം ചേരാനിരിക്കുകയാണ്.
അയോധ്യയിലെ തര്‍ക്ക ഭൂമി കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംങ്ങള്ക്ക് പകരം അഞ്ചേക്കര്‍ ഭൂമി നല്കാമെന്നുമുള്ള വിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്.
Discussion about this post