വിജയവാഡ: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ എട്ടുവയസുകാരിയുടെ മൃതദേഹം അയല്ക്കാരന്റെ വീട്ടില്‍ ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. തുടര്‍ന്ന് അമ്മ അടുത്തുള്ള കോളേജില്‍ സ്വീപ്പര്‍ ആയി ജോലി ചെയ്യുന്ന അച്ഛനെ വിവരം അറിയിച്ചു. മതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ പ്രദേശത്താകെ തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയുടെ അടയാളങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ചുറ്റുമുള്ള വീടുകളില്‍ പോലീസ് തെരച്ചില്‍ നടത്തി. ഇതിനിടെയാണ് അയല്‍ക്കാരനായ യുവാവിന്റെ വീട്ടില്‍ ബാഗിലാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കുട്ടി പീഡനത്തിന് ഇരയായോ എന്ന് അറിയാന്‍ സാധിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.