ഗുവാഹട്ടി: ആസാമില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തിയ കൊലകൊമ്പന്‍ ‘ലാദനെ’ അതിസാഹസികമായി തളച്ച് ബിജെപി എംഎല്‍എ. ഒരുമാസത്തിനിടെ അഞ്ച് പേരെയാണ് ലാദന് എന്ന കാട്ടാന ദാരുണമായി കൊലപ്പെടുത്തിയത്. ആസാമിലെ ഗോല്‍പാര ജില്ലയിലാണ് ലാദനെന്ന പേരില്‍ ആളുകളില്‍ ഈ കാട്ടാന ഭീതിപരത്തി വിലസി നടന്നത്.
സൂതിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയ പദ്മ ഹസാരികയാണ് ജനങ്ങള്‍ക്ക് തുണയായി രംഗത്തെത്തിയത്. നിമിഷ നേരംകൊണ്ട് കാട്ടാനയെ എംഎല്‍എ തളച്ചു. പരമ്പരാഗതമായി ആനയെ പിടികൂടാനും അവയെ ചട്ടം പഠിപ്പിക്കാനും പരിശീലനം നേടിയിട്ടുള്ളവരാണ് തങ്ങളുടെ കുടുംബമെന്ന് അദ്ദേഹം പറയുന്നു. തനിക്ക് പാരമ്പര്യമായി ലഭിച്ച അറിവുകളും പരിചയ സമ്പത്തും ഉപയോഗിച്ചാണ് ആനയെ തളച്ചതെന്നും പദ്മ ഹസാരിക പറയുന്നു. പ്രദേശവാസികളുടെ പേടിസ്വപ്നമായിരുന്ന ലാദനെ തളച്ച് ഒടുവില്‍ വനംവകുപ്പിന് കൈമാറുകയും ചെയ്തു.
ഇനി ആനയെ ചട്ടം പഠിപ്പിച്ച് നാട്ടാനയാക്കി മാറ്റുമെന്നും അധികൃതര്‍ പറയുന്നു. ആനയെ പിടികൂടാനുള്ള ശ്രമത്തില്‍ നേരിട്ടിറങ്ങിയ എംഎല്‍എയ്ക്ക് അഭിനന്ദനവുമായി ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്ത് വന്നു. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ 2,300 ആളുകളാണ് മരിച്ചത്.
Discussion about this post