മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണര്‍ക്ക് ഫാക്സ് അയച്ചു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഇന്ന് വൈകുന്നേരം 7.30ന് മുമ്പായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത ശിവസേന ഗവര്‍ണറെ അറിയിക്കണം. ഇതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക തീരുമാനം. സേനാ നേതാക്കള്‍ ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം ശിവസേന നേതാവ് ഉദ്ദവ് താക്കറെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി അഞ്ച് മിനിറ്റോളം നേരം ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കാനുള്ള നിര്‍ണായക തീരുമാനം കോണ്‍ഗ്രസ് കൈക്കൊണ്ടത്.
288 അംഗങ്ങളുള്ള നിയമസഭയില്‍ 56 എംഎല്‍എമാരുമായി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയാണ് ശിവസേന. 105 അംഗങ്ങളുള്ള ബിജെപി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണ ശ്രമത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ബിജെപി കഴിഞ്ഞദിവസം ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിക്കുകയായിരുന്നു.
ആശയപരമായി പല കാര്യങ്ങളിലും കോണ്‍ഗ്രസിന് ശിവസേനയോട് വിയോജിപ്പുണ്ട്. അതിനാല്‍, പുറത്തുനിന്ന് ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
ജയ്പൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലരുമായി സോണിയ ആശയവിനിമയം നടത്തി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ഉദ്ധവ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തിരക്കിട്ട നീക്കങ്ങള്‍ക്കൊടുവില്‍ രാത്രിയോടെയാണ് ശിവസേന സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുമെന്ന വിവരം പുറത്തുവന്നത്.
Discussion about this post