മുംബൈ: സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിന്നും ബിജെപി പിന്മാറിയതിനു പിന്നാലെ ശിവസേനാ നിയമസഭാകക്ഷി നേതാവ് ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന പ്രതിനിധിസംഘം ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്ക് മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പദം വീതംവെയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അഭിപ്രായ ഭിന്നത വന്നതോടെയാണ് ബിജെപി ശിവസേന സഖ്യത്തിനുള്ളില്‍ തര്‍ക്കം രൂക്ഷമായത്.
ബിജെപിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്‍ഡിഎ മുന്നണിയിലെ കേന്ദ്രമന്ത്രി സ്ഥാനം സാവന്ത് രാജിവെച്ചത് എന്നാണ് സൂചന. ഇന്നു രാവിലെയാണ് സാവന്ത് രാജിപ്രഖ്യാപനം നടത്തിയത്.
എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ഇപ്പോള്‍ ശിവസേനയുടെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും ബിജെപി പിന്മാറിയതോടെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു.