ദളിത് യുവാവിന്റെയും യുവതിയുടേയും വിവാഹ ദിവസം ക്ഷേത്രം പൂട്ടിയിട്ട് മേല്‍ജാതിക്കാര്‍; പൂട്ടുപൊളിച്ച് പോലീസുകാര്‍; ഒടുവില്‍ സുരക്ഷാവലയത്തില്‍ താലികെട്ട്

ചെന്നൈ: ദളിത് യുവാവിന്റെയും യുവതിയുടേയും കല്യാണദിവസം മേല്‍ജാതിക്കാര്‍ പൂട്ടിയിട്ട ക്ഷേത്രം പോലീസുകാരെത്തി തുറന്നുകൊടുത്തു. സെന്ദുരയിലെ ചൊക്കനാഥപുരം ഗ്രാമത്തിലാണ് സംഭവം. അരുണ്‍ സ്റ്റാലിന്‍- ദിവ്യ എന്നിവരുടെ വിവാഹത്തിന് മുന്നോടിയായാണ് വിവാഹം നടക്കാനിരുന്ന പെരുമാള്‍ ക്ഷേത്രത്തിന്റെ ഗേറ്റ് മേല്‍ജാതിക്കാര്‍ പൂട്ടിയത്.

അരിയാലൂര്‍ പെരുമാള്‍ ക്ഷേത്രത്തിലായിരുന്നു ആദ്യം ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, അതേ ദിവസം ക്ഷേത്രത്തില്‍ മറ്റ് വിവാഹങ്ങള്‍ നടക്കുന്നതിനാല്‍ ഇവരുടെ വിവാഹം ചൊക്കനാഥപുരത്തെ പെരുമാള്‍ ക്ഷേത്രത്തിലേക്ക് മാറ്റുകയായിരുന്നു. ക്ഷേത്രത്തില്‍ ഫീസ് അടച്ച് ബുക്ക് ചെയ്ത ശേഷം ഇവര്‍ ആളുകളെ ക്ഷണിച്ച് കത്ത് നല്‍കുകയും ചെയ്തു.

നവംബര്‍ ഏഴാം തീയ്യതി വിവാഹത്തിനായി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഗേറ്റ് അഞ്ച് പൂട്ടുകള്‍ ഉപയോഗിച്ച് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ബന്ധുവായ ശശികുമാര്‍ പോലീസിനെയും ജില്ല അധികൃതരെയും വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് മൂന്ന് പൂട്ടുകള്‍ താക്കോല്‍ ഉപയോഗിച്ച് തുറന്നും ബാക്കി പൂട്ട് പൊളിച്ചും ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു.

തുടര്‍ന്ന് നൂറോളം പോലീസുകാരുടെ സുരക്ഷയിലാണ് അരുണ്‍ സ്റ്റാലിന്‍- ദിവ്യ എന്നിവരുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ തലേന്ന് പ്രദേശത്തുള്ള മേല്ജാതിക്കാരാണ് ക്ഷേത്രം പൂട്ടിയതെന്ന് പരാതിക്കാര്‍ പറയുന്നു. എന്നാല്‍ ഗ്രാമവാസികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുവാദമുള്ളൂവെന്നും ഇവര്‍ പുറത്തുനിന്നുള്ളവരായതിനാലാണ് ഗേറ്റ് പൂട്ടിയതെന്നും ഗ്രാമത്തിലെ ഒരുവിഭാഗം അവകാശപ്പെടുന്നു.

Exit mobile version