ന്യൂഡൽഹി: രാമക്ഷേത്ര നിർമ്മാണം അടുത്ത ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് പൂർത്തിയാക്കാൻ ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ആലോചന. സുപ്രീം കോടതി വിധിയെ തുടർന്ന് അയോധ്യയിൽ രാമക്ഷേത്ര നിർമാണം അടുത്ത വർഷം തന്നെ ആരംഭിച്ചേക്കും. അടുത്ത മകര സംക്രാന്തി ദിനത്തിലായിരിക്കും നിർമാണം ആരംഭിക്കുക. ശിലാസ്ഥാപന കർമ്മങ്ങളും അന്നുതന്നെ നടക്കും.
അതേസമയം, സുപ്രീം കോടതി വിധിയെ തുടർന്ന് ക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരണ നടപടിയുമായി സർക്കാർ മുന്നോട്ടുപോകും. ട്രസ്റ്റ് രൂപീകരണം ഉടൻ പൂർത്തിയാക്കുമെന്നാണ് വിവരം. മൂന്ന് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. 2022 ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിഭാഗം നിർമ്മാണവും പൂർത്തിയാക്കാനാണ് ആലോചന. ആർകിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകൽപന ചെയ്യുന്നത്. വിഎച്ച്പി മുമ്പ് രൂപകൽപന ചെയ്ത പ്രകാരമായിരിക്കും ക്ഷേത്രം നിർമിക്കുക.
നേരത്തെ വിഎച്ച്പിയുടെ നേതൃത്വത്തിൽ അയോധ്യയിൽ രാമക്ഷേത്രത്തിനായി ശിലാസ്ഥാപനം നടത്തിയിരുന്നു. ക്ഷേത്രത്തിനായി കൊത്തുപണികളും ആരംഭിച്ചിരുന്നു.ക്ഷേത്ര നിർമാണത്തിനായി തൂണുകളും ശിൽപങ്ങളും തയ്യാറാക്കാനായി ഗുജറാത്തിൽ നിന്നാണ് ശിൽപികൾ എത്തിയിരുന്നത്. എന്നാൽ അയോധ്യയിലെ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതിന് മുന്നോടിയായി ഈ പ്രവർത്തികൾ നിർത്തിവെച്ചിരുന്നു.
അതേസമയം, തർക്ക ഭൂമിയിൽ ക്ഷേത്രം നിർമിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ തൊഴിലാളികളെ അയോധ്യയിലെത്തിച്ചേക്കും.