മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ ആ ദൗത്യം ശിവസേന ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. കോണ്‍ഗ്രസ് ശത്രുവല്ലെന്നും എല്ലാ പാര്‍ട്ടികള്‍ തമ്മിലും ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാമെന്നും വാര്‍ത്താ സമ്മേളനത്തില്‍ റാവത്ത് വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിനാലും മുഖ്യമന്ത്രി പദം വീതം വെയ്ക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതിനാലും ബിജെപിക്കെതിരെ സഞ്ജയ് റാവത്ത് പല തവണ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് റാവത്ത് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചിട്ടുണ്ട്. ശിവസനേ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും റാവത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലംവന്ന് 15 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നും ഇത് സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടതാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ശിവസേന അതിന് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു.