ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വിധി വന്നതിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങി ബിജെപി സര്‍ക്കാര്‍. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ പറ്റിയ സമയം ഇതാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു രാജ്നാഥ് സിങിന്റെ പരാമര്‍ശം.
അതെസമയം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നവംബര്‍ 15ന് വാദം കേള്‍ക്കും.
ശനിയാഴ്ച രാവിലെയാണ് അയോധ്യാ കേസില്‍ വിധി വന്നത്. അയോധ്യയിലെ തര്‍ക്ക ഭൂമി കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംങ്ങള്ക്ക് പകരം ഭൂമി നല്കാമെന്നുമുള്ള വിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. അതെസമയം തര്‍ക്ക ഭൂമിയുടെ അവകാശം ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കുന്നത്.
മൂന്ന് മുതല്‍ നാല് മാസത്തിനകം ഇതിനായുള്ള കര്‍മ്മപദ്ധതി കേന്ദ്രം തയ്യാറാക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും വിധിയില്‍ പറയുന്നു. അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
അയോധ്യ കേസിലെ വിധി ചരിത്രപ്രധാനമാണെന്നും ഈ വിധി എല്ലാ മതങ്ങളും ഒന്നാണ് എന്ന ബോധം ശക്തപ്പെടുത്തുമെന്നും ആളുകള്‍ തമ്മിലുള്ള പരസ്പരബന്ധം മെച്ചപ്പെടുത്തുമെന്നും അയോധ്യ വിധിക്ക് പിന്നാലെ രാജ്നാഥ് അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post