ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത് ചരിത്ര വിധിയെന്ന് ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. ട്വിറ്ററിലൂടെയാണ് വിഷയത്തില്‍ അമിത് ഷാ പ്രതികരിച്ചത്. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതല്‍ ശക്തിപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
സുപ്രീംകോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉള്‍പ്പെട്ടവര്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം. രാമ ജന്മഭൂമി വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
അയോധ്യയിലെ തര്‍ക്ക ഭൂമി കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംങ്ങള്ക്ക് പകരം ഭൂമി നല്കാമെന്നുമുള്ള വിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. അതെസമയം തര്‍ക്ക ഭൂമിയുടെ അവകാശം ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കുന്നത്.
മൂന്ന് മുതല്‍ നാല് മാസത്തിനകം ഇതിനായുള്ള കര്‍മ്മപദ്ധതി കേന്ദ്രം തയ്യാറാക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും വിധിയില്‍ പറയുന്നു. അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നല്കാന് അലഹാബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പടെയുള്ള മുസ്ലിം കക്ഷികളും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവിച്ചത്.
Discussion about this post