അയോധ്യ തർക്കം നീതിപൂർവ്വം പരിഹരിച്ചു; നീതിപീഠത്തിന്റെ സുതാര്യതയും ദീർഘവീക്ഷണവും ഉറപ്പിച്ച വിധിയെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: അയോധ്യ വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അയോധ്യ വിധി പല കാരണങ്ങളാൽ പ്രാധാന്യമുള്ളതാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം എല്ലാവരുടെയും വാദങ്ങൾ കേട്ട് നീതിപൂർവ്വമായി പരിഹരിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുതാര്യതയും ദീർഘവീക്ഷണവും അരക്കിട്ടുറപ്പിച്ച വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മോഡി ട്വീറ്റിലൂടെ പ്രതികരിച്ചു.

അയോധ്യ കേസിൽ സുപ്രീംകോടതി വിധി പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലായിരുന്നു. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്താനിലെ ദർബാർ സാഹിബ് ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിക്കുന്ന കർതാപൂർ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു. ഇന്ത്യാക്കാരുടെ വികാരം മനസിലാക്കിയതിന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മോഡി നന്ദിയും പറഞ്ഞു.

അയോധ്യ തർക്ക ഭൂമിയിൽ ക്ഷേത്രം പണിയാനും മുസ്ലിങ്ങൾക്ക് ആരാധനാലയം പണിയാൻ മറ്റൊരു സ്ഥലം കണ്ടെത്തി നൽകാനും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Exit mobile version