ന്യൂഡൽഹി: സുപ്രധാനമായ അയോധ്യ ഭൂമി തർക്കത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നും മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം അഞ്ചേക്കർ ഭൂമി കണ്ടെത്തിനൽകണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
വിധിക്ക് പിന്നാലെ പ്രതികരണവുമായി മുസ്ലിം വ്യക്തിനിയമ ബോർഡ് രംഗത്തെത്തി. അയോധ്യ വിധിയെ ബഹുമാനിക്കുന്നതായി മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചു. പക്ഷേ, വിധി തൃപ്തികരമല്ലെന്നും പ്രതികരണത്തിൽ മുസ്ലീം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു. വിധിയെ മാനിക്കുന്നെന്നും കൂടുതൽ പ്രതികരണങ്ങൾ വിധിയുടെ വിശദാംശങ്ങൾ പഠിച്ചശേഷമെന്നും മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതേസമയം, അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാൻ കോടതി നിശ്ചയിച്ചത്.
Discussion about this post