ഹൈദരാബാദ്: അയോധ്യവിഷയത്തില്‍ സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും അവസാന മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന പ്രിന്‍സ് യാകുബ് ഹബീബുദ്ദീന്‍ ടൂസി.
അയോധ്യയില്‍ രാമ ക്ഷേത്രം ഉയരുമെന്നു തനിക്കു പ്രതീക്ഷയുണ്ടെന്നും ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവാദം ലഭിച്ചാല്‍ ആദ്യത്തെ സുവര്‍ണ കല്ല് നല്‍കുന്നതു താനായിരിക്കുമെന്ന് ടുസി പറഞ്ഞു. അയോധ്യ കേസില്‍ നാളിതുവരെ കണ്ടത് ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിയമങ്ങളുമെല്ലാം ഇഴചേര്‍ന്ന വാദങ്ങളായിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇപ്പോള്‍ ബാബ്‌റി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നതായും അത് പിന്നീട് തകര്‍ക്കപ്പെട്ടതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അയോധ്യ ശ്രീരാമജന്മഭൂമിയാണെന്നു സ്‌കന്ദപുരാണം ഉള്‍പ്പെടെയുള്ള പുരാതന ഗ്രന്ഥങ്ങളിലും യാത്രാവിവരണങ്ങളിലുമുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ പുനര്‍നിര്‍മിച്ചുവെന്നാണ് ഹിന്ദു സംഘടനകളുടെ വാദം.
1526ല്‍ ബാബറോ പതിനേഴാം നൂറ്റാണ്ടില്‍ ഔറംഗസേബോ ആണ് ക്ഷേത്രം തകര്‍ത്തതെന്നും ഹിന്ദു സംഘടനകള്‍ വാദിച്ചു. അതെ സമയം തര്‍ക്കഭൂമിയില്‍ 1528 മുതല്‍ മസ്ജിദ് നിലനിന്നിരുന്നു. മസ്ജിദ് 1855, 1934 വര്‍ഷങ്ങളില്‍ ആക്രമിക്കപ്പെട്ടെന്ന രേഖകളും 1934-ലെ അതിക്രമിച്ചുകയറല്‍ കേസും ഇതിനു തെളിവാണെന്നാണ് മുസ്ലീം സംഘടനകളുടെ വാദം.