ന്യൂഡൽഹി: ശനിയാഴ്ച പത്തരയോടെ പുറത്തുവരാനിരിക്കുന്ന അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ കനത്ത സുരക്ഷാ വലയത്തിൽ. വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിലും സുരക്ഷ ശക്തമാക്കി. സുപ്രധാന വിധി വരുന്നതിന് മുന്നോടിയായി എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾക്കുള്ള സാധ്യത പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ എന്ന നിലയിൽ കോടതിയുടെ സുരക്ഷയും ശക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിലേക്കുള്ള റോഡുകൾ അടച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ഡൽഹിയിലെ വസതിക്ക് മുന്നിലും പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷയും കഴിഞ്ഞദിവസം വർധിപ്പിച്ചിരുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അയോധ്യ തർക്ക ഭൂമിയിൽ മാത്രം 5000 സുരക്ഷാ ഭടൻമാരെയാണ് നിയോഗിച്ചിട്ടുണ്ട്. തർക്കഭൂമിക്ക് ഒന്നര കിലോമീറ്റർ പരിസരത്തേക്ക് ആർക്കും പ്രവേശനമില്ല. ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വേണ്ടി വന്നാൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗ് വ്യക്തമാക്കി. നവ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. മതസ്പർധയ്ക്കും സാമുദായിക സംഘർഷങ്ങൾക്കും ഇടയാക്കുന്ന തരത്തിൽ സന്ദേശം തയ്യാറാക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും. ജനങ്ങൾ ശാന്തരായി ഇരിക്കണമെന്നു മുഖ്യമന്ത്രി ആദിത്യനാഥും ആഹ്വാനം ചെയ്തു.
ഉത്തർപ്രദേശിലും ജമ്മു കാശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിർത്തികളിൽ കർശന പരിശോധനയോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും നിരീക്ഷണത്തിലാണ്. കനത്ത ജാഗ്രത പാലിക്കാൻ സേനയ്ക്ക് നിർദേശം നൽകി.
Discussion about this post