അയോധ്യ: അയോധ്യ കേസില്‍ നിര്‍ണ്ണായക വിധി കാത്തിരിക്കുകയാണ് രാജ്യം. സംഘര്‍ഷങ്ങളും മറ്റും മുന്‍കൂട്ടി കണ്ട് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുപ്രീംകോടതിയിലും പരിസര പ്രദേശങ്ങളിലും വന്‍ തോതിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. എന്നാല്‍ വിധി കാത്ത് രാജ്യം നില്ക്കുമ്പോള് ഏവര്‍ക്കും മാതൃകയാവുകയാണ് സാവന ബീഗം എന്ന മുസ്ലീം യുവതി.
കഴിഞ്ഞ 15 വര്‍ഷമായി അയോധ്യ ക്ഷേത്രനഗരിയില്‍ ഹനുമാന്ഗഡിക്കടുത്ത് പൂജാസ്റ്റോര്‍ നടത്തുകയാണ് സവാന. ശ്രീരാമന്റെ വിഗ്രഹങ്ങളും പുസ്തകങ്ങളും ഫോട്ടോകളും പൂജാസാധനങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വളകളും മാലകളുമൊക്കെയാണ് സവാന ബീഗത്തിന്റെ കൊച്ചു കടയില്‍ ഉള്ളത്.
ഭര്‍ത്താവ് മെഹബൂബ് അലി പൂജാസാധനങ്ങളുടെ മൊത്തവ്യാപാരവുമായി ബന്ധപ്പെട്ട തിരക്കിലാവും എപ്പോഴും. രണ്ട് ആണ്മക്കളും മൂന്നുപെണ്മക്കളുമാണ് ഇവര്‍ക്കുള്ളത്. ഭൂമി തര്‍ക്കക്കേസിലെ വിധിയില്‍ ആശങ്കയില്ലേ എന്ന ചോദ്യത്തിന് ‘എന്തുവരുമെന്നറിയില്ല, നാട്ടുകാര്‍ക്ക് പ്രശ്നമൊന്നുമില്ല, പുറത്തുള്ളവരാണ് പ്രശ്നക്കാര്‍’ എന്ന് സാവന പറയുന്നു.
”അയോധ്യയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും പണ്ടേ വളരെ സൗഹാര്ദമുള്ളവരാണ്. പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും ഭക്ഷണവും വെള്ളവും പങ്കിടുകയും ചെയ്യുന്നവര്‍. എന്റെ കടയില്‍ത്തന്നെ, സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെല്ലാം ഹിന്ദുക്കളാണ്. ഞങ്ങളുടെ കൈയില്‍നിന്നു വാങ്ങുന്ന സാധനങ്ങള്‍ ഭഗവാനു സമര്‍പ്പിക്കാന്‍ മടിയില്ലാത്തവര്‍. അതിനാല്‍ കോടതി വിധിയും ദൈവനിശ്ചയംപോലെ നടക്കും. അതനുസരിച്ചാല്‍ ആര്‍ക്കും പ്രശ്നമുണ്ടാവില്ല’ – സവാന കൂട്ടിച്ചേര്‍ത്തു.
സവാനയുടെ മക്കളെല്ലാം കടയില്‍ തന്നെ ഉണ്ടാകാറുണ്ട്. ”മക്കള്‍ പഠിക്കുന്ന സ്കൂളില്‍ പോലീസുകാര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അവര്‍ പോകുംവരെ ഇനി സ്കൂള്‍ ഉണ്ടാവില്ല” -സവാന പറഞ്ഞു. ‘ഈ പ്രശ്നം എങ്ങനെയെങ്കിലും പരിഹരിച്ചുകിട്ടിയാല് മനസമാധാനമായി ജീവിക്കാമായിരുന്നു. മക്കളുടെ വിദ്യാഭ്യാസവും കച്ചവടവും മുടക്കമില്ലാതെ അപ്പോള്‍ നടക്കുമല്ലോ” എന്നും സാവന പറയുന്നു. സുപ്രീംകോടതി വിധി എന്തു തന്നെ ആയാലും അംഗീകരിക്കാന്‍ തയ്യാറാകണമെന്നാണ് സാവനയുടെ അഭിപ്രായം.
Discussion about this post