അലിഗഡ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ചെരിപ്പ് കൊണ്ടും കൈകൊണ്ടും മര്‍ദ്ദിക്കുന്നതും ഇടിക്കുന്നതും വീഡിയോയില്‍ കാണാം. വീട്ടില്‍ കുട്ടിക്ക് ട്യൂഷനെടുക്കാന്‍ വന്ന അധ്യാപകനാണ് മുറിയില്‍ വെച്ച് കുട്ടിയെ മര്‍ദ്ദിച്ചത്.
രണ്ട് കസേരകളിലായാണ് അധ്യാപകനും കുട്ടിയും ഇരിക്കുന്നത്. ഇയാളുടെ ഷൂ കയ്യിലെടുത്ത് പലതവണ കുട്ടിയെ അടിക്കുന്നുണ്ട്. കൂടാതെ താക്കോല്‍ പോലുള്ള മൂര്‍ച്ചയുള്ള വസ്തുകൊണ്ട് ഇടിക്കുന്നതും കാണാം. മുടിയിലും ചെവിയിലും പലതവണ പിടിച്ചുവലിക്കുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് കുട്ടിയോട് ഗ്ലാസിലുള്ള വെള്ളം കുടിക്കാന്‍ പറയുകയും ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ശരീരത്തില്‍ കറുത്ത നിറത്തിലുള്ള അടയാളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി അധ്യാപകനെതിരെ പരാതി പറഞ്ഞത്. കാര്യം അറിഞ്ഞയുടന്‍ മുറിയിലെ സിസിവിടി ദൃശ്യങ്ങള്‍ പരിശോധിച്ച രക്ഷിതാക്കള്‍ ഇത് കാണുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പോലീസിന് കൈമാറി.ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധ്യാപകനെ പിടികൂടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും പൊലീസ് അറിയിച്ചു.