ചെന്നൈ: ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ തള്ളി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ നടന്‍ കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമര്‍ശം.
‘തിരുവള്ളുവറിനെ പോലെ ബിജെപി തന്നെയും കാവി പൂശാന്‍ ശ്രമിക്കുന്നു. എന്നാലത് നടക്കാന്‍ പോകുന്നില്ല,’ എന്നായിരുന്നു രജനീകാന്ത് പ്രതികരിച്ചത്. പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു രജനിയുടെ പ്രതികരണം.
ബിജെപി ദേശീയ – സംസ്ഥാന നേതാക്കളുമായി രജനീകാന്ത് വേദി പങ്കിട്ടപ്പോഴും, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചപ്പോഴും രജനീകാന്ത് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തിപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കത്തിന് ബിജെപി ഒരുങ്ങുന്നതായുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളാണ് രജനി അപ്പാടെ തള്ളിയിരിക്കുന്നത്.