ന്യൂഡല്‍ഹി: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീറിന്റെ പൗരത്വ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ടൈം മാസികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് ലേഖനമെഴുതിയതിനു പിന്നാലെയാണ് നടപടി. എന്നാല്‍ പൗരത്വ കാര്‍ഡ് റദ്ദാക്കിയതും ലേഖനവുമായി യാതൊരു ബന്ധമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.
ആതിഷിന്റെ പിതാവ് പാകിസ്താനില്‍ ജനിച്ചയാളാണെന്ന് കാണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്ലീന്‍ സിങ്ങിന്റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍. ബ്രിട്ടണിലാണ് ആതിഷ് ജനിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് ടൈം മാസികയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ആതിഷ് ലേഖനമെഴുതിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അതേസമയം തനിക്ക് വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമായ സമയം തന്നില്ലെന്ന് ആതിഷ് പറയുന്നു.
‘പിതാവിന്റെ ജന്മസ്ഥലം പാകിസ്താന്‍ എന്നാണ് ആതിഷ് നല്‍കിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് നിലനിര്‍ത്തുന്നതില്‍ ആതിഷ് പരാജയപ്പെട്ടു. അതോടെ പൗരത്വ നിയമ പ്രകാരം ആതിഷിന് ഒസിഐ കാര്‍ഡിനുള്ള അര്‍ഹത നഷ്ടമായി’ ആഭ്യന്തരമന്ത്രാലയ വക്താവ് വസുധ ഗുപ്ത പറയുന്നു.
ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇന്ത്യയില്‍ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നല്‍കുന്ന പൗരത്വ സംവിധാനമാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരുടേതല്ലാത്ത എല്ലാ അവകാശങ്ങളും ഇവര്‍ക്കുണ്ട്. ഇതാണ് ഇപ്പോള്‍ ആതിഷിന് നഷ്ടപ്പെട്ടിരിക്കുന്നത്.
Discussion about this post