മേൽപ്പാലം കയറാൻ മടിച്ച് റെയിൽപ്പാളം ക്രോസ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി ‘യമരാജൻ’ പൊക്കും

മുംബൈ: റെയിൽപ്പാളം മുറിച്ചുകടക്കുന്നത് അപകടകരമാണെന്ന് മാത്രമല്ല, നിയമപരമായി കുറ്റകരവുമാണ്. എത്ര പറഞ്ഞിട്ടും അനുസരിക്കാൻ കൂട്ടാക്കാത്ത യാത്രക്കാർ നിയമം ലംഘിച്ചും ജീവൻ പണയം വെച്ചും റെയിൽപ്പാളങ്ങൾ മുറിച്ചുകടക്കുന്നത് തുടർന്നതോടെ മറ്റ് മാർഗ്ഗങ്ങളില്ലാതെ ഇന്ത്യൻ റെയിൽവെ മരണദേവനായ യമരാജനെ നിയമിച്ചിരിക്കുകയാണ്.! അമ്പരക്കേണ്ട, സംഭവം സത്യമാണ്. പശ്ചിമ റെയിൽവേയാണ് നിയമലംഘകരെ പൊക്കാൻ ഒരു ഡ്യൂപ്ലിക്കേറ്റ് യമരാജനെ നിയമിച്ചിരിക്കുന്നത്.

ഫൈനും മുന്നറിയിപ്പും അവഗണിക്കുന്നവരെ പൊക്കിയെടുത്ത് കൊണ്ടുപോകലാണ് ഈ ‘യമരാജന്റെ’ ഡ്യൂട്ടി. കറുപ്പ് ഉടുപ്പും കിരീടവും ഗദയുമായി ആർപിഎഫിലെ അംഗമാണു യമരാജന്റെ വേഷം കെട്ടി ജോലിക്കിറങ്ങിയത്. ഈ മാസം ആറിനാണു പശ്ചിമ റെയിൽവേ ബോധവത്കരണത്തിനായി ഈ വ്യത്യസ്ത രീതി സ്വീകരിച്ചത്. സംഭവം ഏതായാലും യാത്രക്കാർക്കിടയിൽ ഹിറ്റായിരിക്കുകയാണ്.

ആളില്ലാ ലെവൽക്രോസുകളിലൂടെയും പാളങ്ങളിലൂടെയും സഞ്ചരിക്കുന്നവരെയാണ് യമരാജൻ പിടികൂടുക. ഇവരെ പൊക്കിയെടുത്തു തിരികെ പ്ലാറ്റ്‌ഫോമിലോ കാൽനട മേൽപ്പാലത്തിലോ എത്തിക്കും. അപകട യാത്രയെക്കുറിച്ചു നീണ്ട ഒരു ബോധവത്കരണവും നൽകും. തമാശയിലൂടെ ഗൗരവകരമായ കാര്യം പറയുമ്പോൾ ജനങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്നാണു യമരാജന്റെ അനുഭവം. തിരക്കേറിയ മുംബൈയിലെ മലാഡ്, അന്ധേരി സ്റ്റേഷനുകളിലാണു യമരാജന്റെ ഡ്യൂട്ടി വൈകാതെ എല്ലാ സ്‌റ്റേഷനുകളിലേക്കും ഈ യമരാജൻ എത്തും.

Exit mobile version