ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിധി വരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘര്‍ഷങ്ങളും തയാന്‍ കര്‍ശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നത്. കൂടാതെ, യുപിയിലേക്ക് വീണ്ടും സുരക്ഷസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സുരക്ഷകാര്യങ്ങള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നേരിട്ട് പരിശോധിക്കുകയാണ്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി ചര്‍ച്ച നടത്തും. ഇന്ന് ഉച്ചക്ക് ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ വച്ചായിരിക്കും ചര്‍ച്ച.
അയോധ്യവിധിക്ക് മുന്നോടിയായി സമ്പൂര്‍ണ മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് നിര്‍ദ്ദേശിച്ചിരുന്നു.
മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഇക്കാര്യത്തില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നുമാണ് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. വിധിയെക്കുറിച്ച് സര്‍ക്കാര്‍ കൂട്ടായി ആലോചിച്ച് പ്രതികരിക്കും. വ്യക്തിപരമായ പ്രസ്താവനകള്‍ മന്ത്രിമാര്‍ നടത്തരുത്. ഈ നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിമാരുടെ യോഗത്തില്‍ നല്‍കിയത്.
Discussion about this post