മുംബൈ: നദിയിലേക്ക് ചാടുന്നതിനിടെ ലക്ഷ്യം തെറ്റി പാറക്കെട്ടുകള്‍ക്കിടയില്‍ വീണ കടുവ ചത്തു. 35 അടി ഉയരത്തില്‍ നിന്നാണ് കടുവ ചാടിയത്. ഗുതരമായി പരിക്കേറ്റ കടുവയെ പാറക്കെട്ടുകള്‍ക്കിടയിലാണ് ചലിക്കാന്‍ കഴിയാത്ത വിധം കണ്ടത്. മഹാരാഷ്ട്രയിലെ ചന്ദ്രപുരിന് സമീപമുള്ള സിര്‍ന നദിയിലാണ് സംഭവം.
ഇരയെ പിടിച്ച് ഭക്ഷിച്ച ശേഷമാണ് കടുവ നദിയിലേക്ക് ചാടിയതെന്നാണ് നിഗമനം. എന്നാല്‍ ലക്ഷ്യം തെറ്റി വീണത് പാറക്കെട്ടുകള്‍ക്കിടയിലും. വീഴ്ച്ചയില്‍ കടുവയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അവശനായി കിടക്കുന്ന കടുവയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സംഭവം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. രക്ഷിക്കുന്നതിന്റെ ഭാഗമായി സമീപത്ത് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവ അതില്‍ കയറാത്തതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
മാത്രമല്ല അടുത്ത് സ്ഥാപിച്ച കൂട് തള്ളിമാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കടുവ കൂടുതല്‍ അവശനായിത്തീര്ന്നെന്ന് ചീഫ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ എവി രാമറാവു അറിയിച്ചു. രാത്രി ആയതിനാലും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയോടെയാണ് കടുവ ചത്തത്.
Discussion about this post