ഹൈദരാബാദ്: രാജ്യമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് തെലങ്കാനയിൽ തഹസിൽദാർ വിജയ റെഡ്ഡിയെ ഭൂവുടമ തീവെച്ച് കൊലപ്പെടുത്തിയ സംഭവം അരങ്ങേറിയത്. ഇതിനുപിന്നാലെ സർക്കാർ ജീവനക്കാരുടെ സുരക്ഷയെ കുറിച്ചും ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ സ്വയരക്ഷയുടെ ഭാഗമായി കയർകെട്ടി സന്ദർശകരെ അകറ്റി നിർത്തി വ്യത്യസ്തയായിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഒരു തഹസിൽദാർ. ആന്ധ്രാപ്രദേശിലെ കർനൂൽ ജില്ലയിലെ തഹസിൽദാർ ഉമാ മഹേശ്വരിയാണ് വ്യത്യസ്തമായ ഈ മാർഗ്ഗം സ്വീകരിച്ചത്.
അയൽസംസ്ഥാനമായ തെലങ്കാനയിൽ വിജയ റെഡ്ഡിയെ ഓഫീസിനകത്ത് വെച്ച് കൊലപ്പെടുത്തിയത് ഉമയേയും ഭയപ്പെടുത്തിയിരുന്നു. ഇതാണ് ഈ നടപടിക്ക് കാരണമെന്ന് ഉമാ മഹേശ്വരിയും പറയുന്നു. എന്നാൽ ഒരു മണിക്കൂർ മാത്രമേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുള്ളുവെന്നും അതിന് ശേഷം കയർ അഴിച്ചു മാറ്റിയതായും ഉമാ മഹേശ്വരി കൂട്ടിച്ചേർത്തു.
നിരവധിതവണ രേഖകൾ ഡിജിറ്റലൈസ് ചെയ്തതിലെ തെറ്റ് തിരുത്താനായി എത്തിയിട്ടും ഒന്നും ശരിയായി ലഭിക്കാത്തതിൽ പ്രകോപിതനായ ഭൂവുടമ അബ്ദുള്ളപുർമേട്ടിലെ ഓഫീസിലേക്ക് കയറിചെന്ന് വനിതാ തഹസിൽദാറെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ അനിഷ്ടസംഭവത്തിൽ വിജയ റെഡ്ഡിയുടെ ഡ്രൈവറായ ഗുരുനാഥനുൾപ്പെടെ രണ്ട് ജീവനക്കാർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
Discussion about this post