ശ്രീനഗര്‍: കാശ്മീരിലുണ്ടായ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. ബുധനാഴ്ച രാവിലെ മുതലാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. കാശ്മീരിലെ ഉയര്‍ന്ന പ്രദേശങ്ങളിലും ഹിമാലയന്‍ താഴ് വരകളിലും മഞ്ഞുവീഴ്ച ഉണ്ടായി.
ശ്രീനഗറും കുപ്‌വാരയും ഉള്‍പ്പെടെയുള്ള താഴ്വരയുടെ മിക്ക ഭാഗങ്ങളിലും മഴ പെയ്തു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു മേഖലയിലെ പൂഞ്ച്, രൗജൗരി എന്നി ജില്ലകളെ തെക്കന്‍ കാശ്മീരിലെ ഷോപിയന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗള്‍ റോഡ് അടച്ചു.
അതേസമയം, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റോഡ് യാത്ര പരമാവധി ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഇപ്പോള്‍ ഗതാഗതം സുഗമമായി നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ വ്യാപകമായ മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.