രാഷ്ട്രപതി ഭരണത്തിലേയ്ക്ക് വിടില്ല, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കച്ചക്കെട്ടി ബിജെപി; ഇന്ന് ഗവര്‍ണറെ കാണും

നിതിന്‍ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.

മുംബൈ: സഖ്യകക്ഷിയായ ശിവസേനയുമായി തര്‍ക്കം ഇപ്പോഴും തുടരുകയാണ്. അതേസമയം സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേയ്ക്ക് തള്ളിവിടില്ലെന്ന ഉറച്ച തീരുമാനവുമായി സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് ബിജെപി നേതൃത്വം. ബിജെപി എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം.

അതേസമയം ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയെ ഇപ്പോഴും ശിവസേന വെല്ലുവിളിക്കുകയാണ്‌. ശിവസേനയുമായി മാത്രം സഖ്യം മതിയെന്നാണ് ആര്‍എസ്എസിന്റെയും നിലപാട്. ഇതാണ് മഹാരാഷ്ട്രയില്‍ പ്രതിസന്ധിക്ക് കാരണമായത്. നിതിന്‍ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.

സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. നാളെ കാവല്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനാല്‍ ഇന്ന് തന്നെ സേനയുമായി ധാരണയിലെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വവും. ഈ ആത്മവിശ്വാസത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കാണുന്നത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇപ്പോഴും ശിവസേന.

Exit mobile version