ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോതി വിധി വരാനിരിക്കെ ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണ്ണ യോഗം ചേരും. സഹമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റ് അനക്സിലാണ് യോഗം ചേരുക. യോഗത്തില്‍ വിധി വരുന്നതിനു മുന്‍പേ തന്നെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ചയാകും. ആര്‍ഇസിപി കരാര്‍ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അയോധ്യ കേസില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ അന്തിമ വിധി വരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഈ സാഹചര്യത്തിലാണ് മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ആലോചനങ്ങള്‍ ശക്തമാകുന്നതും യോഗം വിളിച്ച് ചേര്‍ക്കുന്നതും. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ വസതിയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളും വിവിധ മുസ്ലീം സംഘടനാ നേതാക്കളും കഴിയുന്ന ദിവസം യോഗം ചേര്‍ന്നിരുന്നു.
അയോധ്യവിധി എന്തായാലും അതിനെ സ്വീകരിക്കാന്‍ ഇരുവിഭാഗവും തയ്യാറാവണമെന്ന് യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇതാദ്യമായാണ് ആര്‍എസ്എസ് നേതൃത്വം ഇത്രയേറെ മുസ്ലീം പുരോഹിതരേയും നേതാക്കളേയും ഒന്നിച്ച് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഉന്നത ആര്‍എസ്എസ് നേതാക്കളായ കൃഷ്ണ രോപാല്‍, രാംലാല്‍ എന്നിവരും ജമാഅത്ത് ഉലമ തലവന്‍ സയദ് അര്‍ഷദ് മദനി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
അയോധ്യ വിധി എന്തായാലും എല്ലാവരും അത് അംഗീകരിക്കുകയും രാജ്യത്തെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ തയ്യാറാക്കുകയും ചെയ്യണമെന്ന് ഇരുവിഭാഗവും പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു. അയോധ്യ വിധിക്ക് ശേഷം അനുയായികളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.
അയോധ്യ വിധി പുറത്തു വന്നാല്‍ പ്രധാനമന്ത്രിയും അമിത് ഷായും ആദ്യം അഭിപ്രായം പറയും വരെ വിധിയോട് പ്രതികരിക്കരുതെന്ന് ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡയും നിര്‍ദേശം നല്കി. നാലായിരം സുരക്ഷാസൈനികരെ അയോധ്യയില്‍ അധികമായി നിയോഗിക്കാനും തീരുമാനമുണ്ട്.