ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ സ്ഥിതി ശാന്തമാകുന്നു. ബുധനാഴ്ച രാവിലെയോടെ അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോത് വളരയെധികം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് ബുധനാഴ്ച 241 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച 324 ആയിരുന്നു മലിനീകരണ തോത്.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും മോശമായ രീതിയിലൂടെയാണ് ഡല്‍ഹി ഈ വര്‍ഷം കടന്നു പോയത്. ഞായറാഴ്ച വായു മലിനീകരണം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു. 494 ആയിരുന്നു അന്നത്തെ മലിനീകരണ തോത്. ഈ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡല്‍ഹി നഗരം വിഷപ്പുകയില്‍ നിന്നും വളരെയധികം മുക്തി നേടിയെന്ന് ഉറപ്പിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, അവധിയിലായിരുന്ന സ്‌കൂളുകള്‍ തുറന്നു. മാസ്‌കുകള്‍ ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ എല്ലാവരും സ്‌കൂളിലേക്ക് തിരികെയെത്തിയിരിക്കുന്നത്. കാറ്റിന്റെ വേഗത കുറയുന്നതിന് അനുസരിച്ച് അന്തരീക്ഷ മലിനീകരണത്തില്‍ വ്യതിയാനം സംഭവിക്കുമെന്ന് മലിനീകരണ നിരീക്ഷണ ഏജന്‍സികള്‍ പ്രവചിച്ചിരുന്നു.
തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് കാറ്റിന്റെ ഗതി മാറുമെന്നും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരത്തെ ഇത് ബാധിച്ചേക്കുമെന്നും ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഗുരുതരമായ വായു മലിനീകരണം സംഭവിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 20-25 ആയിരുന്നു. എന്നാല്‍ ബുധനാഴ്ച മണിക്കൂറില്‍ 8-10 ആയി കുറഞ്ഞു.