ചെന്നൈ: വീണ്ടും ജീവന്‍ എടുത്ത് സെല്‍ഫി. കിണറിന്റെ പടിയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കിണറ്റിലേയ്ക്ക് വീണ് യുവതി മരിച്ചു. പ്രതിശ്രുതവരനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചെന്നൈ പട്ടാഭിറാം ഗാന്ധിനഗറില്‍ താമസിക്കുന്ന മേഴ്സി സ്റ്റെഫി(24) ആണ് മരിച്ചത്. മേഴ്‌സിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിശ്രുത വരന്‍ അപ്പു(24)വും കിണറ്റിലേയ്ക്ക് വീണു.
ഇരുവരുടെയും വിവാഹം ജനുവരിയിലാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇവര്‍ ഒരുമിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് ബൈക്കുമായെത്തിയ അപ്പു മേഴ്സിയുമൊത്ത് പുറത്തേക്കുപോയി. വണ്ടല്ലൂര്‍-മിഞ്ചൂര്‍ നാലുവരിപ്പാതയില്‍ വഴിയരികിലെ കൃഷിത്തോട്ടം കണ്ട മേഴ്സി ഫോട്ടോയെടുക്കാനായി ബൈക്ക് നിര്‍ത്താനാവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന കിണറിന്റെ ഉള്ളിലേക്കിറങ്ങുന്ന പടിക്കെട്ടിലിരുന്ന് ഇരുവരും ചിത്രങ്ങളെടുത്തു. ഇതിന്റെ ഇടയിലാണ് മേഴ്‌സി കിണറ്റിലേയ്ക്ക് വീണത്.
രക്ഷിക്കാനായി കൈനല്‍കിയപ്പോഴാണ് അപ്പുവും കിണറ്റിലേയ്ക്ക് വീണത്. ഇതിനകം മേഴ്സി വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. നിലവിളി കേട്ടെത്തിയ കൃഷിക്കാര്‍ വെള്ളത്തില്‍നിന്ന് അപ്പുവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. എന്നാല്‍ മേഴ്‌സിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് മേഴ്‌സിയുടെ മൃതദേഹം കണ്ടെടുത്തത്. അപ്പു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.