നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവ്, അവയുടെ പാലില്‍ സ്വര്‍ണ്ണമുണ്ട്; ബിജെപി നേതാവ് ദിലീപ് ഘോഷ്

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണം ഉള്ളത് കൊണ്ടാണ് അവയുടെ പാലിന് മഞ്ഞ നിറം ഉള്ളതെന്നും പശുവിന്‍ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നമ്മളൊക്കെ ജീവനോടെ ഇരിക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു

ന്യൂഡല്‍ഹി: നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടെന്ന പുതിയ കണ്ടുപിടുത്തവുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്. പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷനാണ് ദിലീപ് ഘോഷ്. നാടന്‍ പശുക്കളാണ് ഭാരതീയരുടെ മാതാവെന്നും വിദേശ ഇനം പശുക്കള്‍ നമ്മുടെ മാതാവ് അല്ലെന്നുമാണ് പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ ഗോപ അഷ്ടമി ആഘോഷപരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞത്.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണം ഉള്ളത് കൊണ്ടാണ് അവയുടെ പാലിന് മഞ്ഞ നിറം ഉള്ളതെന്നും പശുവിന്‍ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നമ്മളൊക്കെ ജീവനോടെ ഇരിക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു. അതേസമയം പശുവിനെ കൊല്ലുന്നത് മഹാപരാധമാണെന്നും പശുക്കള്‍ നമ്മുടെ അമ്മയാണെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. നാടന്‍ പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ് എന്നും വിദേശി പശുക്കള്‍ മാതാവല്ലെന്നും വിദേശികളെ ഭാര്യയാക്കിയവര്‍ പലരുണ്ടെന്നും അവരൊക്കെ കുഴപ്പത്തില്‍ ചാടിയിട്ടേയുള്ളൂവെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബീഫ് കഴിക്കുന്നവരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വിദ്യാസമ്പന്നരായ ചിലര്‍ റോഡരികില്‍ ഇരുന്ന് ബീഫ് കഴിക്കുന്നത് കാണാറുണ്ട്. ഇങ്ങനെയുള്ളവര്‍ പട്ടിയിറച്ചിയും കഴിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഏത് മൃഗത്തിന്റെ ഇറച്ചി കഴിച്ചാലും അത്തരക്കാര്‍ക്ക് യാതൊരു കുഴപ്പവും പറ്റില്ലെന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്.

Exit mobile version